ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും.
സുഖദു:ഖസമ്മിശ്രമായ
ഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത്
സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്.
യേശു നമ്മോടു പറയുന്നു.
” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”
മത്തായി 11:28
നമ്മുടെ ഭാരങ്ങൾ നാം സ്വയം വഹിച്ച് നടക്കേണ്ട.
അത് വഹിക്കുവാൻ ശക്തനായവൻ നമ്മോടു കൂടെയുണ്ട്.
കരുതുന്ന ദൈവം സന്തതസഹചാരിയായീ
കൂടെ ഉള്ളതിനാൽ മനം കലങ്ങേണ്ട കാര്യമില്ല.
അതിനാൽ നമ്മുടെ ജീവിതം
ദൈവകരങ്ങളിൽ ഭരമേല്പിക്കേണം. ഭരമേല്പിക്കുക എന്ന് പറഞ്ഞാൽ പരിപൂർണ്ണമായി വിട്ടുകൊടുക്കുക,
സമർപ്പിക്കുക എന്നാണർത്ഥം. നാം നമ്മുടെ ജീവിതത്തെ
ആരിലാണ് ഭരമേല്പിച്ചിരിക്കുന്നത്?
ധനത്തിലാണോ? ആരോഗ്യത്തിലാണോ?
വിദ്യാഭ്യാസ യോഗ്യതയിലാണോ?
മാതാപിതാക്കന്മാരിൽ
ആണോ? കുഞ്ഞുങ്ങളിലാണോ? ജീവിതപങ്കാളിയിൽ
ആണോ? എന്നാൽ വചനം ഇപ്രകാരം പറയുന്നു.
” മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും”
യിരേമ്യാവു 17:5,6
നാം നമ്മുടെ ജീവിതം നമുക്ക് ജീവൻ തന്ന നമ്മുടെ ജീവന് അവകാശിയായ ദൈവത്തിൽ ഭരമേല്പിക്കേണ്ടതാണ്.
” നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം
നമുക്ക് സ്വയമായി ഒന്നും
ചെയ്യുവാൻ സാദ്ധ്യമല്ല.
എന്നാൽ ദൈവത്താൽ
സകലവും സാദ്ധ്യമാണ്.
” നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും”
സദൃശ്യവാക്യങ്ങൾ 16:3
ഇന്ന് മനുഷ്യൻ്റെ മനസ് കടൽ തിരപോലെ ആടിയുലയുന്നു. കാരണം
അവനിൽ അടിസ്ഥാനമായ വിശ്വാസം ഇല്ല എന്നതുതന്നെ. ഒരു കാര്യം ദൈവത്തിൽ ഭരമേല്പിച്ചാൽ പിന്നെ ആകുലപ്പെടേണ്ട കാര്യമില്ല. ആകുലപ്പെട്ടാൽ നാം ദൈവത്തെ വിശ്വസിക്കുന്നില്ല എന്നാണർത്ഥം.
ശദ്രക്, മേശക്,
അബേദ്നെഗോ എന്ന
യഹൂദ ബാലന്മാർ തങ്ങളുടെ ജീവനെ
ദൈവകരങ്ങളിൽ ഭരമേല്പിച്ചവരാണ്. അതിനാൽ തീച്ചൂള ഏഴു മടങ്ങ് ചൂടാക്കി ആ
അഗ്നിജ്വാലയിൽ എറിയപ്പെടുവാൻ പോകുമ്പോൾ നെബൂഖദ്നേസർ
രാജാവിനോട് അവർ ഉറപ്പിച്ച് ഇങ്ങനെ പറഞ്ഞു.
“ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.
അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു”
ദാനീയേൽ 3:17,18
കഷ്ടതയുടെ തീച്ചൂളകളിൽ വെന്തെരിയുകയാണോ?
ഭയപ്പെടേണ്ട. വെന്തെരിഞ്ഞാലും
വിടുവിക്കുവാൻ ദൈവത്തിന് കഴിയും. ദൈവത്തിന് മാത്രമേ കഴിയൂ. തീയ്യിൽ കൂടി വെന്തെരിഞ്ഞാൽ നിന്നെ
പൊന്നായി ദൈവം പുറത്ത് കൊണ്ടുവരും.
കഷ്ടതകളിൽ
ദൈവകരങ്ങളിൽ നമ്മെ ഭരമേല്പിക്കുവിൻ. യേശു
തീവ്രമായ കുരിശു മരണം
വഹിക്കുന്നതിനു മുൻപ് സമ്പൂർണ്ണമായി തന്നെ ദൈവകരങ്ങളിൽ ഏല്പിച്ച് കൊണ്ട് പറഞ്ഞു.
“പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
മത്തായി 26:39
കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ സ്രഷ്ടാവിൽ
ഭരമേല്പിക്കേണം എന്ന്
1പത്രൊസ് 4:19 ൽ പറയുന്നു. യേശു സകലതും പിതാവിൽ ഭരമേല്പിച്ചതായി നാം വായിക്കുന്നു. ദുസ്സഹമായ
വേദനയാൽ പ്രാണൻ പിടയുമ്പോഴും യേശു അത്യുച്ചത്തിൽ പറഞ്ഞു.
“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” ലൂക്കോസ് 23:46
ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളിലൂടെ
കടന്നു പോയാലും ജീവനേയും നമുക്കുള്ള
സകലത്തിനേയും ദൈവകരങ്ങളിൽ ഭരമേല്പിക്കുക. അവൻ നിന്നെ പുലർത്തും. നീതിമാൻ കുലുങ്ങിപോകുവാൻ
ദൈവം ഒരിക്കലും ഇടവരുത്തുകില്ല.
” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7