PREACH GOSPEL & SALVATION FOR THE LOST

Tag: christian missionaries (Page 2 of 5)

അധികമായാൽ ദോഷമായത് ഏതെല്ലാം

1) അതിഭക്ഷണം

” നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”
ലൂക്കോസ് 21:34

2)അമിതഭാഷണം
സംസാരം ആവശ്യമാണ്.
അധികമായാൽ കേൾക്കുന്നവർക്ക് അരോചകമാകും. വാക്കുകൾ പെരുകിയാൽ ലംഘനം ഉണ്ടാകും.

” എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ”
യാക്കോബ് 1:19

3) അതിമൗനം.

മൗനം നല്ലതാണ്. എന്നാൽ അതിമൗനം ദോഷമാണ്.

” കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”
സഭാപ്രസംഗി 3:7

” ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.
നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക”
സദൃശ്യവാക്യങ്ങൾ 31:8,9

” അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം”
യേഹേസ്കേൽ 33:7

മൗനം വെടിഞ്ഞ് മറ്റുള്ളവരോട് നാം സുവിശേഷം അറിയിക്കേണം.

4) അധിക ചിന്ത അരുത്.

അമിതമായി ആലോചിച്ച്
വ്യാകുലപ്പെടുന്നവർ നിരവധിയാണ്.

” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു”
ഫിലിപ്പിയർ 4:6

” നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ”
യോഹന്നാൻ 14:1

” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7

5) അമിത നിയന്ത്രണം

മക്കളെ അമിതമായി നിയന്ത്രിക്കരുത്.കാരണം അവർ ദൂരദേശത്തേക്ക് പോകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യുവാൻ ഇടവരും.
മക്കളോട് അമിതമായി കോപിക്കരുത്.

” പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ”
എഫെസ്യർ 6:4

ജീവിതത്തിൽ ആരേയും അമിതമായി നിയന്ത്രിക്കയോ,
കോപിക്കയോ അരുത്.

6) അമിതവേഗത പാടില്ല

ഒരു കാര്യം കേൾക്കുമ്പോൾ പെട്ടെന്ന് പ്രതികരിക്കരുത്. സമചിത്തത കൈവെടിയരുത്.

“നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു”
സഭാപ്രസംഗി 7:9

” പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു”
സദൃശ്യവാക്യങ്ങൾ 19:2

7) അമിതമായ അദ്ധ്വാനം

അമിതമായ അദ്ധ്വാനങ്ങൾ
കുടുംബബന്ധങ്ങളിൽ
വിള്ളലുണ്ടാക്കും. അത് മനസ്സിനും, ശരീരത്തിനും
ദോഷം ചെയ്യും. ഒരു വിശ്രമം ദൈവം പോലും കല്പിച്ചിരിക്കുന്നു.

” ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു”
പുറപ്പാട് 20:9,10

” സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യനു എന്തു ഫലം?
അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ”
സഭാപ്രസംഗി 2:22,23

” നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 2-ാം വാക്യം

ജീവിതത്തിൽ സകല കാര്യങ്ങളിലും സമതുല്യത കാത്ത് സൂക്ഷിക്കാം.ആയതിനു പരിശുദ്ധാത്മാവ് ശക്തി പകരട്ടെ…

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ…

ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞാൽ പിന്നീടു അതെല്ലാം മറന്നു സ്വന്തം കഴിവുകൊണ്ടു
നേടിയതാണു എന്ന വിധം ജീവിക്കുന്നവരാണു പലരും യേശു സൗഖ്യമാക്കിയ പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമാണു നന്ദി കരേറ്റുവാൻ യേശുവിന്റെ അടുക്കലേക്കു മടങ്ങി വന്നതു. കരം കൊടുത്തു ഉയർത്തിയ വരെ മറന്നുപോകുന്ന സമൂഹം.

മോശയോടു ദൈവം കല്പിച്ചു.

” കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം”
ആവർത്തനം 4:9

നമ്മുടെ കണ്ണാലെ നാം കണ്ട അത്ഭുതങ്ങൾ, ദൈവം നടത്തിക്കൊണ്ടു വന്ന വഴികൾ
മനസ്സിൽ നിന്നും മാറ്റി കളയാതെ
അവയെ മക്കളോടും മക്കളുടെ മക്കളോടും പറയണം എന്നു യഹോവ കല്പിക്കുന്നു.
പഴയനിയമചരിത്രം പരിശോധിച്ചാൽ എത്രയോ അത്ഭുതങ്ങളും ,അടയാളങ്ങളും അനുഗ്രഹങ്ങളും പാലിച്ചവരാണു
യിസ്രായേൽ ജനം.സ്വന്തം കൺമുമ്പിൽ ചെങ്കടൽ പിളർന്നു
ഉണങ്ങിയ പാത കണ്ടവർ. മരുഭൂമിയിൽ മന്ന കണ്ടവർ. പാറ അടിച്ചു ജലം പുറപ്പെടുന്നതു കണ്ടവർ.. അവർ യഹോവയെ മറന്നു. യഹോവ ജനത്തോടു പറഞ്ഞു.

” നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
ആവർത്തനം 6:11,12

നാം ഈ ലോകത്തിലേക്കു എന്തെങ്കിലും കൊണ്ടുവന്നുവോ?
നീ പണിയാതെ ദൈവമാണു നിനക്കുവേണ്ടി
വീടൊരുക്കിയതു.നീ നിനെച്ചതിലും ചിന്തിച്ചതിലും
ഉപരിയായാണു നിന്നെ ദൈവം നടത്തിയതു. നീ കുഴിക്കാത്ത
കിണറുകളും, നീ നടാത്ത
മുന്തിരിതോട്ടങ്ങളും ഒലിവു തോട്ടങ്ങളും ദൈവം നിനക്കു തന്നു. സകലത്തിലും സമ്യദ്ധി തന്നു വെന്നു സാരം.
എന്നിട്ടും ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും
നാം മറന്നുപോയോ? ആവർത്തനം 8-ാം അദ്ധ്യായം 10 മുതൽ വാക്യങ്ങൾ അടിവരയിട്ടു ഹ്യദയങ്ങളിൽ പതിക്കണം.
യഹോവ പറയുന്നു.

“നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
ആവർത്തനം 8:10-17

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അവയെ മറന്നു
നിഗളിച്ചു അവയെ എൻ്റെ കൈകൊണ്ടുണ്ടാക്കി എന്നു പറഞ്ഞു നിഗളിക്കരുതു. കുടുംബവും, കുഞ്ഞുങ്ങളും സമ്പത്തും, എല്ലാം എല്ലാം ദൈവത്തിൻ്റെ ദാനം മാത്രം.
ദൈവക്യപ മാത്രം.
യിസ്രായേൽ ദൈവം ചെയ്ത ഉപകാരം മറന്നു.

” ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു”
106-ാം സങ്കീ 22-ാം വാക്യം

ഇതുപോലെ യെഹസ്കീയാവു ദൈവത്തിൽ നിന്നും പ്രാപിച്ച വിടുതൽ മറന്നു.

” എന്നാൽ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.2 ദിനവ്യ 32:25

എന്നാൽ മോശയുടെ സഹോദരി മിര്യെം യഹോവ നടത്തിയ വഴികളെ ഓർത്തു തപ്പെടുത്തു
പാടി ന്യത്തം ചെയ്തു ദൈവത്തെ സ്തുതിച്ചു. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതു ദൈവത്തോടു
നന്ദിയുള്ളവരായിരിക്കുക എന്നതാണു..

ജീവിതത്തിൽ ദൈവം കരം തന്നു
താങ്ങി നിറുത്തിയ എത്രയോ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടു.. ഇനി ഒരു രക്ഷയും ഇല്ല എന്നു പറഞ്ഞു ആശുപത്രിയിലും, ആശുപത്രിയിലെ ICU വാർഡിലും
കിടന്ന എത്രയോ സന്ദർഭങ്ങൾ.
കടഭാരത്താൽ വലഞ്ഞു തലകുനിഞ്ഞുപോയ എത്രയോ
സന്ദർഭങ്ങൾ? പാപചേറ്റിൽ നിന്നും വലിച്ചെടുത്തു പുതുജീവൻ നൽകിയ എത്രയോ
സന്ദർഭങ്ങൾ…ഒന്നും മറന്നുപോകരുതേ…

“എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
103-ാം സങ്കീ 1,2 വാക്യങ്ങൾ

ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു”71-ാം സങ്കീ 7-ാം വാക്യം

അത്ഭുതങ്ങൾ തേടി ഇന്നു മനുഷ്യർ അലയുന്നു. എന്നാൽ
ദൈവമക്കളെ തമ്പുരാൻ ഒരു അത്ഭുതമാക്കി മാറ്റുന്നു. മോശയെ ദൈവം ഒരു അത്ഭുതമനുഷ്യനാക്കി. സങ്കീർത്തനക്കാരൻ തൻ്റെ ജീവിതം അയവിറക്കി കൊണ്ടു
പറയുകയാണു ഞാൻ പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു എന്നു. ആയതിനു പ്രധാനമായും അഞ്ചു
കാര്യങ്ങൾ സങ്കീർത്തനക്കാരൻ
പറയുന്നു.

1) ദൈവത്തിലുള്ള ആശ്രയം .

71-ാം സങ്കീർത്തനം തുടങ്ങുന്നതു
തന്നെ ദൈവത്തിലുള്ള ആശ്രയം
പ്രകീർത്തിച്ചുകൊണ്ടാണു.

” യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ”

ദൈവത്തിലുള്ള ആശ്രയമാണു
സങ്കീർത്തനക്കാരനെ മറ്റുള്ളവരുടെ മുൻപിൽ
അത്ഭുതമാക്കിയതു.ഇന്നു
ചിലർ പണത്തിലും ചിലർ പ്രശസ്തിയിലും, ചിലർ മക്കളിലും, ആൾബലത്തിലും, ചിലർ രാഷ്ട്രീയബലത്തിലും ആശ്രയിക്കുന്നു. എന്നാൽ വചനം പറയുന്നു.

” യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ”
യിരെമ്യാവു 17:7

2) ദൈവമെന്ന പാറയിൽ അടിസ്ഥാനമിട്ടു.

സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു
അത്ഭുതമാകാൻ മറ്റൊരു കാരണം ദൈവത്തിലുള്ള പാറപോലെയുള്ള വിശ്വാസമാണു. കർത്താവെന്ന
ഉറപ്പുളള പാറയിൽ എന്നും സങ്കീർത്തനക്കാരൻ അഭയം കണ്ടെത്തി.അതിനുവേണ്ടി മോഹിച്ചു.

“ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
71-ാം സങ്കീ 3-ാം വാക്യം

യേശുവാകുന്ന പിളർന്ന പാറയിൽ നാം ചായണം.
യേശു പറഞ്ഞു വചനം
കേട്ടനുസരിക്കുന്നവൻ പാറമേൽ
വീടു പണിത മനുഷ്യനോടു തുല്യനെന്നു. കാരണം ഒരു മഴക്കോ, കൊടുങ്കാറ്റിനോ, പാറമേൽ പണിത ഭവനത്തെ നശിപ്പിക്കുവാൻ സാദ്ധ്യമല്ല. ദൈവത്തിൻ്റെ മന്ദിരമായ നമ്മുടെ ശരീരം
യേശുവാകുന്ന ഉറച്ച പാറയാൽ
അടിസ്ഥാനമിടുമ്പോൾ നാം സങ്കീർത്തനക്കാരനെ പോലെ
പലർക്കും ഒരത്ഭുതമായി മാറും

3) ദൈവത്തിൽ പ്രത്യാശവച്ചു. ദൈവത്തിന്റെ കരുതൽ
അനുഭവിച്ചറിഞ്ഞു.

” യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ”
71-ാം സങ്കീ 5-ാം വാക്യം.

ഇന്നു നാം ആരോഗ്യത്തോടെ നിൽക്കുന്നുണ്ടെങ്കിൽ അതിനു
പുറകേ ദൈവത്തിന്റെ അനന്തമായ കരുതൽ ഉണ്ടു. ജനിക്കുമ്പോൾ തന്നെ പല കുറവുകളും നമുക്കുണ്ടാകാമായിരുന്നു. എന്നാൽ അമ്മയുടെ ഗർഭത്തിൽ
വച്ചുതന്നെ നമ്മെ മനസ്സിലാക്കുകയും വിളിച്ചു വേർതിരിക്കയും ചെയ്ത ഒരു ദൈവമുണ്ടു.ഈ സത്യം രുചിച്ചറിഞ്ഞ സങ്കീർത്തനക്കാരൻ നന്ദിയോടെ
ദൈവത്തെ സ്തുതിച്ചുപറയുന്നു.

” ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
71-ാം സങ്കീ 6-ാം വാക്യം.

ജീവിതത്തിലെ നഷ്ടങ്ങളെകുറിച്ചു വിലപിക്കുന്നവരാകാതെ നേട്ടങ്ങളെക്കുറിച്ചു ദൈവത്തോടു നന്ദിപറയുന്നവരാകണം.

4) ദൈവത്തെ എപ്പോഴും സ്തുതിച്ചു.

സങ്കീർത്തനക്കാരൻ മറ്റുള്ളവർക്കു അത്ഭുതമാകാനുള്ള മറ്റൊരു കാരണം ഏതു സാഹചര്യത്തിലും
ദൈവത്തെ സ്തുതിച്ചു എന്നതാണു.

” ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
71-ാം സങ്കീ 14,15 വാക്യങ്ങൾ

ദൈവത്തിൽ പരിപൂർണ്ണമായി
ആശ്രയിച്ചു മുന്നേറുമ്പോൾ,
ഏതു പ്രതിസന്ധികളിലും പാറയാകുന്ന യേശുവിൽ ഉറച്ചു
വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കരുതൽ ബാല്യം മുതൽ അനുഭവിച്ചു പ്രത്യാശയോടെ മുന്നേറി ദൈവത്തെ എന്നും വാഴ്ത്തി പാടി ജീവിക്കുമ്പോൾ അവർ പറയും.

” ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു.നീ എൻ്റെ
ബലമുള്ള സങ്കേതമാകുന്നു”

പ്രത്യാശിക്കുന്ന ശുഭഭാവി

നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11

പ്രത്യാശിക്കുന്ന ശുഭഭാവി നൽകുന്നവനാണു ദൈവം.പ്രത്യാശയില്ലാതെ ജീവിക്കരുതു .ഇന്നു ആത്മഹത്യകൾ വർദ്ധിക്കുന്നതിന്റെ ഒരു കാരണം ജീവിതത്തിൽ പ്രത്യാശയില്ലാത്തതാണു. പരീക്ഷയിൽ തോറ്റാൽ പോലും കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്നു. കാരണം എന്താണു?
അടുത്ത തവണ ഉന്നതവിജയം
വരിക്കാൻ പോകുന്ന കുട്ടിയാണു താനെന്ന പ്രത്യാശ അവനിൽ ഇല്ല.
ഇന്നു ജീവിതത്തിൽ ഉന്നതതലത്തിൽ ആയിരിക്കുന്നവരെല്ലാം തോൽവിയുടെ പടവുകൾ
കയറിയവരാണു. Electric bulb കണ്ടുപിടിച്ച Thomas Alva Edison പോലും അഞ്ഞൂറു തവണ പരീക്ഷണശാലയിൽ
തോറ്റവനാണു. എബ്രാഹാം
ലിങ്കൺ പലപ്രാവശ്യം പരാജിതനായിട്ടാണു അമേരിക്കൻ പ്രസിഡണ്ടായതു.
പ്രത്യാശയാണു നമുക്കു ശുഭഭാവി തരുന്നതു.

യിസ്രായേൽമക്കൾ ബാബിലോൺ പ്രവാസത്തിലായിരുന്ന കാലത്തു ഇരുളടഞ്ഞ ജീവിതമായിരുന്നു അവരുടേതു. കണ്ണീരും ദു:ഖവും നെടുവീർപ്പിന്റേതുമായ നാളുകൾ.യഹോവയുടെ ശിക്ഷയായിരുന്നു ബാബേൽ പ്രവാസം.
ആകെ വേദന നിറഞ്ഞ അനുഭവങ്ങൾ..കനത്ത ഏകാന്തത..ഈ സ്ഥിതിയെ കുറിച്ചു യിരെമ്യാവു വിവരിക്കുന്നുണ്ടു.

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പരുക്കു മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.
നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.
നിന്റെ സ്നേഹിതന്മാർ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരൻ ശിക്ഷിക്കുന്നതു
പോലെയും അടിച്ചിരിക്കകൊണ്ടു അവർ നിന്നെ നോക്കുന്നില്ല.

നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും അല്ലോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.
യിരെമ്യാവു 30:15

ഇന്നും പ്രത്യാശയില്ലാതെ മനസ്സിൽ പരുക്കും മുറിവുകളുമായി ജീവിക്കുന്നവർ
അനേകം പേരുണ്ടാകും..
മറ്റുള്ളവർ ഏല്പിച്ച മുറിവുകളാകാം..സ്വയം വരുത്തിവച്ച മുറിവുകളാകാം..എന്നാൽ
മുറിവുകൾ പൊറുപ്പിച്ചു തരുന്ന ഒരു നല്ല വൈദ്യൻ നമുക്കുണ്ടു.

” അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 30:17

യഹോവ ഏറ്റവും വലിയ വൈദ്യൻ.യിരെമ്യാവു ചോദിക്കുന്നു.

” ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
യിരെമ്യാവു 8:22

യിരെമ്യാവു പറയുകയാണു
പ്രത്യാശിക്കുന്ന ശുഭഭാവി നിങ്ങൾക്കു വരും. നിങ്ങളുടെ മുറിവുകൾ ഉണങ്ങും.അതിനു
പല കാര്യങ്ങൾ നിങ്ങൾ ചെയ്യണം.അവ ഏവയാണെന്നു
നോക്കാം.

“നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും
നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
യിരെമ്യാവു 29:12,13

ബാബേൽ പ്രവാസത്തെപോലെ
ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ കൂടിയാണോ നാം കടന്നു പോകുന്നതു? നല്ലൊരു ശുഭഭാവി ദൈവം തരുമെന്നു പ്രത്യാശിക്കണം.
പ്രത്യാശിക്കുന്ന
ശുഭഭാവി നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു. ആയതിനു ദൈവസന്നിധിയിലേക്കു കടന്നുവരണം. പ്രാർത്ഥിക്കണം.
പൂർണ്ണ ഹ്യദയത്തോടെ അന്വേഷിക്കുമ്പോൾ നാം ദൈവത്തെ കണ്ടെത്തും..

പ്രതികൂലങ്ങളുടെ നടുവിൽ പ്രത്യാശയില്ലാതെ ജീവിക്കരുതു.

“ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
എബ്രായർ 6:19

കൊടുങ്കാറ്റടിക്കുമ്പോൾ കപ്പലിനെ അതിന്റെ നങ്കൂരം ഉലയാതെ നിറുത്തുന്നപോലെ
നമ്മുടെ ദൈവത്തിലുള്ള ശക്തമായ പ്രത്യാശ മാനസികമായും വൈകാരികമായും ആത്മീയമായും സ്ഥിരതയുള്ളവരായി നിൽക്കുവാൻ നമ്മെ
സഹായിക്കും. അതിനാൽ പ്രത്യാശയോടെ മുന്നോട്ടു പോകാം…

” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും;
യിരെമ്യാവു 31:16

സമാധാനം

ഈ ലോക ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം അനുഭവങ്ങൾ വന്നുചേരാം. എവിടെയാണ് ഒരു ആശ്വാസം കിട്ടുക എന്ന് പറഞ്ഞ് അലയുന്നവരാണ് മിക്കവരും. ദൈവത്തോട് അടുക്കുംതോറും ദൈവം വാഗ്ദത്തം ചെയ്യുന്ന ഒന്നാണ് വിശ്രമം അഥവാ സ്വസ്ഥത അഥവാ സമാധാനം.

ഇസ്രയേൽ മക്കളെ അത്ഭുതകരമായി ദൈവം മിസ്രയീമിൽ നിന്ന് വിടുവിച്ചു. ഇസ്രയേലിലെ പത്ത് ബാധകൾ, തുടർന്ന് ചെങ്കടൽ വിഭജിച്ചു കൊണ്ടുള്ള അവരുടെ യാത്ര, മരുഭൂമിയിൽ രാവും പകലുമുള്ള ദൈവീക സംരക്ഷണം ഇവയെല്ലാം യഹോവ ഭയങ്കരനും അത്ഭുതവാനും ആണ് എന്ന് തെളിയിച്ചു.

ഈ ജനത്തെ വിട്ടുപിരിഞ്ഞ് മോശ ദൈവസന്നിധിയിൽ നാല്പത് ദിവസം ഇരുന്നപ്പോൾ ജനം ദൈവത്തെ മറന്നു. അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു മോശ മടങ്ങി വന്നപ്പോൾ ഈ കാഴ്ച കണ്ട് തകർന്നുപോയി. രോഷത്തിൽ അവൻ കൽപ്പനകളെ എറിഞ്ഞുടച്ചു. ആകെ മനസ്സ് തകർന്ന് ദൈവസന്നിധിയിൽ മുട്ടുകുത്തി. അപ്പോൾ ദൈവം വലിയൊരു വാഗ്ദത്തം മോശയ്ക്ക് നൽകി.

“എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
പുറപ്പാട് 33:14

ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം സന്ദർഭങ്ങൾ കടന്നു വരാം. എന്നാൽ പൂർണ്ണവിശ്രമം കണ്ടെത്താൻ ഒരേ ഒരു സ്ഥാനമേയുള്ളൂ. അത് അവിടത്തെ പാദപീഠമാണ്.
എത്ര വലിയ പ്രതിസന്ധികളും കടന്നുവന്നുകൊള്ളട്ടെ. ആ സാഹചര്യങ്ങളിൽ കൈവിടാത്ത
ദൈവസാന്നിധ്യം നിനക്ക് സ്വസ്ഥത നൽകും.

പലപ്പോഴും പ്രശ്നങ്ങൾ വരുമ്പോൾ മനുഷ്യർ പ്രശ്നങ്ങളിൽ നിന്നും ഓടി ഒളിക്കുവാൻ ശ്രമിക്കുന്നു. മനുഷ്യർ ഈ ദൈവസാന്നിധ്യം
വിട്ട് ഓടിയകലുന്നു. ഇതുപോലെ ഒരു സന്ദർഭം ദാവീദിന് ഉണ്ടായി ദാവീദിന്റെ മകൻ പിതാവിനെതിരെ കലാപ കൊടി ഉയർത്തുകയും അനുഗാമികളെ സംഘടിപ്പിച്ച്, അധികാരം അവകാശപ്പെടുകയും ചെയ്തു.
മാത്രമല്ല വലിയ പ്രതികൂലങ്ങളിലൂടെ ദാവീദ് കടന്നുപോയി. മന്ത്രിയായിരുന്ന അഹിഥോഫെൽ കൂറുമാറി അബ്ശാലോമിന്റെ പക്ഷം ചേർന്നു. ഉറ്റസ്നേഹിതനും വിശ്വസ്ത സഹചാരിയും ആയിരുന്ന അർഖ്യനായ ഹൂശായി പോലും മറുവശത്തായി. അങ്ങനെ സ്നേഹിതരും
ആത്മമിത്രങ്ങളും ദാവീദിനെ ഉപേക്ഷിച്ച് വിപ്ലവം നയിക്കുന്നു. പ്രതികൂലങ്ങളിൽ എവിടെയെങ്കിലും ഓടി ഒളിക്കുവാൻ ദാവീദ് ആഗ്രഹിച്ചു.

“എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
55-ാം സങ്കീ 5-8

പ്രശ്നങ്ങൾ ഒഴിവാക്കിയിട്ട് ഒരിക്കലും ആർക്കും ജീവിക്കുവാൻ സാദ്ധ്യമല്ല ദുഷ്ടനായ സാത്താൻ ഭരിക്കുകയും വാഴുകയും ചെയ്യുന്ന ഈ ലോകത്തിൽ, മൺമയമായ ശരീരത്തിൽ നാം വസിക്കുമ്പോൾ, പ്രശ്നങ്ങളും പ്രയാസങ്ങളും കടന്നു വരും. എന്നാൽ അവയിൽ നിന്ന് ഒളിച്ചോടി പോകുവാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നില്ല. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ആ മതിൽ ചാടി കടക്കുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. പ്രശ്നങ്ങളുടെ നടുവിൽ ഓടിയൊളിക്കുവാൻ ദാവീദ് ആഗ്രഹിച്ചുവെങ്കിലും, പിന്നീട് ദാവീദ് ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നതായി 55-ാം സങ്കീർത്തനത്തിൽ നാം കാണുന്നു.

“ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും”
55-ാം സങ്കീ 15,16 വാക്യങ്ങൾ

വീണ്ടും 22-ാം വാക്യത്തിൽ ദാവീദ്
ഒരു പരമാർത്ഥം കണ്ടെത്തി. നീതിമാൻ ഒരിക്കലും വീണുപോകാൻ ദൈവം സമ്മതിക്കില്ല എന്ന സത്യം. അതിനാൽ ദാവീദ് ഇങ്ങനെ ആഹ്വാനം ചെയ്തു.

“നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം

ഏലീയാവ്പോലും മരണഭീതി
വന്നപ്പോൾ പ്രശ്നങ്ങളിൽ നിന്നും
ഓടി ചൂരച്ചെടിയുടെ തണലിൽ അഭയം കണ്ട് മരിക്കാൻ ആഗ്രഹിച്ചു. എന്നാൽ യഹോവ അവനെ എഴുന്നേല്പിച്ച് നിനക്ക് ദൂരയാത്രചെയ്യാനുണ്ട് എന്നു പറഞ്ഞ് അവനെ കൊണ്ടുപോകുകയും നിത്യമായ സ്വസ്ഥത നൽകുകയും ചെയ്തു.

നാം ജീവിതത്തിൽ ഓരോ നിമിഷവും ദൈവത്തിൽ സ്വസ്ഥത കണ്ടെത്തേണ്ടതാണ്.
എത്രയോ വീഴ്ച്ചകളിൽ നിന്നും ദൈവം നമ്മെ കാത്ത് സൂക്ഷിച്ചു.
നമ്മുടെ ഓട്ടം തികക്കണമെങ്കിൽ
കാലിന് ബലം വേണം. ഈ ബലം
തരുന്നത് ദൈവമാണ്. കണ്ണീർ താഴ്വരയിൽ കൂടി കടക്കുമ്പോൾ
അതിനെ ജലാശയമാക്കുന്നത്
ദൈവമാണ്. ഉള്ളിലേക്ക് വലിക്കുന്ന വായു പുറത്തേക്ക് വിടുന്നത് ദൈവക്യപയാണ്.
നമ്മുടെ കാൽ ഒരടി മുന്നോട്ട് വെയ്ക്കണം എങ്കിൽ അവിടത്തെ ക്യപ വേണം.
ഓരോ നിമിഷവും ദൈവം നമ്മുടെ ജീവിതത്തിൽ ക്യപ ചൊരിയുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ മനസ്സിനെ സ്വസ്ഥമാക്കുവാൻ നമുക്ക് കഴിയും. അതിനാൽ നമുക്ക്
വിശ്വസിച്ച് പറയാം.

“എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
116-ാം സങ്കീ 7-9

ജീവിതത്തിലുടനീളം കർത്താവിൽ വിശ്രമം കണ്ടെത്തിയവരുടെ അന്ത്യവും വിശ്രമം നിറഞ്ഞതായിരിക്കും. അവർ കർത്താവിൽ മരിക്കുന്നു. അവർ ഭാഗ്യവാന്മാരാണ്. അവർക്ക് മരണം ഒരു ഭയം അല്ല. പിന്നെയോ പ്രാണപ്രിയനോട് കൂടെ പാർക്കാനായി സ്വർഗീയ ഭവനത്തിലേക്ക് പോകാനുള്ള ഒരു വാതിൽ മാത്രമാണ്. നമ്മുടെ നാഥൻ മരണത്തെ ജയിച്ചവനാണ്. മരണത്തെയും പാതാളത്തിന്റെയും താക്കോൽ അവിടത്തെ കരങ്ങളിൽ ആണ്. കർത്താവിൽ മരിക്കുന്ന ഭാഗ്യവാന്മാർക്കുവേണ്ടി ദൈവം നിത്യമായ ഒരു വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ പ്രയാസങ്ങളെല്ലാം മാറി ദൈവം നമുക്ക് നിത്യമായ സ്വസ്ഥത നൽകുന്ന സമയം എത്രയും വേഗം സമാഗതമാകും. അവിടെ
ദു:ഖമില്ല, കണ്ണീരില്ല. ആനന്ദഘോഷങ്ങൾ മാത്രം. ആ വിശ്രമസ്ഥലം സ്വന്തമാക്കുവാൻ
ഈ ഭൂമിയിൽ വസിക്കും കാലം ദൈവസന്നിധിയിൽ സ്വസ്ഥത കണ്ടെത്താം.

” ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു”
വെളിപ്പാട് 14:13

ദൈവം നിശ്ശബ്ദനാകുമ്പോൾ

നാം പല കാര്യങ്ങൾക്കും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും ദൈവം അവയ്ക്ക് മറുപടി നൽകാതെ നിശ്ശബ്ദത പാലിക്കാറുണ്ട്. ഈ സമയം പലരുടേയും വിശ്വാസത്തിന് ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെ ഒരു സന്ദർഭത്തിൽ ദാവീദ് ചോദിച്ചു.

” യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
13-ാം സങ്കീ 1,2 വാക്യങ്ങൾ

ദൈവത്തിന്റെ നിശ്ശബ്ദത
ഒരിക്കലും നിഷ്ക്രിയത്വം അല്ല. ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർ കടലിൽ കൂടി യാത്ര ചെയ്യുകയായിരുന്നു.
അമരത്ത് യേശു ഉറങ്ങുകയായിരുന്നു. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി. കാറ്റും കൊടുങ്കാറ്റും മൂലം പടക്
മുങ്ങുമാറായി. അവർ ഭയപ്പെട്ട് ഇങ്ങനെ ചോദിച്ചു. “ഞങ്ങൾ നശിച്ചുപോകുന്നതിൽ
നിനക്ക് വിചാരമില്ലയോ?

പടകിൽ യേശു ഉള്ളതിനാൽ അവർ ചഞ്ചലപ്പെടേണ്ട ആവശ്യം
ഇല്ലായിരുന്നു. യേശുവിന്റെ നിശ്ശബ്ദതയിൽ അവർ ഭയാസന്നരായി. ഇതുപോലെയാണ് നമ്മിൽ പലരും. യേശു നമ്മുടെ കൂടെ ഉണ്ട്, യേശു സകലതും അറിയുന്നു എന്ന് നാം മറന്നുപോകുന്നു.

ജീവിതത്തിൽ പല സന്ദർഭങ്ങളിൽ ദൈവം മിണ്ടാതെയിരിക്കുന്നത്
മഹത്തരമായ കാര്യങ്ങൾ
നമുക്ക് സമ്മാനിക്കാനാണ്. എല്ലാം നഷ്ടപ്പെട്ട
ഇയ്യോബ് ദൈവത്തോട് ചോദിച്ചു.

” അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു
നില്ക്കുന്നു; നീ എന്നെ തുറിച്ചു
നോക്കുന്നതേയുള്ളു.
നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.”
ഇയ്യോബ് 30:19-21

ചിലപ്പോൾ കഠിനമായ ശോധനകളും, പ്രതികൂലങ്ങളും നമുക്ക് വന്ന് ഭവിക്കാം.എന്നാൽ
അവയെല്ലാം ഇരട്ടി അനുഗ്രഹങ്ങൾ ലഭിക്കുവാനാണ്.
ചില സമയങ്ങളിൽ ദൈവം തൻ്റെ മുഖത്തെ മറയ്ക്കാം. ലാസർ മരിച്ചപ്പോൾ യേശു അവിടെ വന്നത് നാലാം നാളാണ്. ലാസർ മരിച്ചു എന്നറിഞ്ഞ ഉടനെ യേശു
പോയില്ല. ശരീരം നാറ്റം വച്ച്, നാലാം നാൾ, യേശു കടന്നു ച്ചെന്നു. കാരണം
ഒരു വലിയ അത്ഭുതത്തിന് ആ പട്ടണം സാക്ഷിയാകുന്നതിന്
വേണ്ടിയായിരുന്നു അത്.

യേശുവിന്റെ ശിഷ്യന്മാർ
വീണ്ടും മറ്റൊരവസരത്തിൽ പടകിൽ പോകുമ്പോൾ വലിയ കാറ്റും കോളും ഉണ്ടായി. അവർ ഭയപ്പെട്ട് കരഞ്ഞു. എന്നാൽ ഒന്നാം യാമത്തിൽ യേശു വന്നില്ല. രണ്ടാം യാമത്തിലും, മൂന്നാം യാമത്തിലും യേശു വന്നില്ല. എന്നാൽ നാലാം യാമത്തിൽ പടക് മുങ്ങി പോകുന്നതിന് മുൻപ് യേശു വെള്ളത്തിന് മീതെ നടന്ന് അവരുടെ സമീപം വന്നു.

ജീവിതത്തിൽ കഷ്ടതകളുടേയും
സഹനങ്ങളുടേയും
വഴിയിൽ നാം കടന്നു
പോകേണ്ടതായി വരാം.
ദൈവം നമ്മെ മറന്നുപോയി എന്ന് തോന്നാം. എന്നാൽ ആ കഷ്ടതയിൽ മുങ്ങി ചാകാൻ ദൈവം അനുവദിക്കില്ല. കഷ്ടതയുടെ നാലാം യാമത്തിൽ നാം മുങ്ങി പോകുന്നതിന് മുൻപ് ദൈവം നിശ്ചയമായും ഇറങ്ങിവരും. ജീവിതത്തിൽ ആഞ്ഞു വീശുന്ന കഷ്ടതകളാകുന്ന കാറ്റിനേയും കൊടുങ്കാറ്റിനേയും നിശ്ചയമായും ശമിപ്പിക്കും.

ജീവിതത്തിൽ ദൈവത്തിന്റെ മൗനം നമ്മെ പലതും പഠിപ്പിക്കുന്നു. അതിനാൽ പൗലൊസ് അപ്പൊസ്തലൻ ഇപ്രകാരം പറഞ്ഞു.

” കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു.നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”
റോമർ 5:3,4

കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ
വിശ്വാസം മുറുകെ പിടിക്കുക. വചനമെന്ന
വാൾ കരങ്ങളിലേന്തുക.
ദൈവത്തിൽ
പരിപൂർണ്ണമായി ആശ്രയിക്കുക. ദൈവത്തെ സ്തുതിക്കുക. ആരാധിക്കുക. വിശ്വസിച്ചാൽ നാം തക്കസമയത്ത്
ദൈവമഹത്വം ദർശിക്കുക തന്നെ ചെയ്യും. ദൈവത്തിൻ്റെ
നിശ്ശബ്ദത നിഷ്ക്രിയത്വം അല്ല. അവൻ നമുക്കുവേണ്ടി മഹത്വകരമായ കാര്യങ്ങൾ ചെയ്യുകയാണ്. അതിനാൽ ദൈവസന്നിധിയിൽ ക്ഷമയോടെ കാത്തിരിക്കാം.

” അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1പത്രൊസ് 5:6,7

ദേശത്തെ അനുഗ്രഹിക്കുന്ന ദൈവം

ബൈബിളിൽ യബ്ബേസ് എന്ന ദു:ഖപുത്രൻ്റെ ചരിത്രം രണ്ട് വാക്യങ്ങളിലെ ഉള്ളു. എന്നാൽ ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിച്ച യബ്ബേസിൻ്റെ പേരിൽ ഒരു സ്ഥലം യിസ്രായേലിൽ ഉള്ളതായി
1 ദിനവ്യത്താന്തം 2:55 ൽ നാം കാണുന്നു.തൻ്റെ ഭക്തന്മാർ നിമിത്തം ദൈവം തൻ്റെ ദേശത്തെ അനുഗ്രഹിക്കുന്നു.

ഈ ഭൂമി ദൈവത്തിൻ്റേതാണ്. ഭൂമിയും അതിൻ്റെ പൂർണ്ണതയും, ഭൂതലവും അതിൻ്റെ നിവാസികളും യഹോവയ്ക്കുള്ളത്
ആകുന്നു. മനുഷ്യൻ പാപം ചെയ്തതോടെ ഈ ലോകം ദുഷ്ടനായ സാത്താന്റെ അധീനതയിൽ കിടക്കുന്നു എന്നു മാത്രം. കൈവശാവകാശം മാത്രമേ പിശാചിനുള്ളൂ. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ദൈവത്തിനാണ്. ദൈവം ദേശങ്ങളെ അനുഗ്രഹിക്കുന്ന ദൈവമാണ്.

അബ്രഹാമിനെ വിളിച്ചിറക്കിയപ്പോൾ ദൈവം നൽകിയ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ദേശത്തിന്റെ അനുഗ്രഹവും ദൈവം നൽകി.

“ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ
അബ്രാഹാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും”
ഉല്പത്തി 13:14,15

ദൈവം വാഗ്ദത്തം നിറവേറ്റി. യിസ്രായേല്യർ
മിസ്രയീം ദേശത്ത് ചെന്നപ്പോഴും യഹോവ അവർക്ക് മനോഹരമായ
ഗോശെൻ ദേശം നൽകി.

ദൈവഭക്തന്മാർ നിമിത്തം ദേശങ്ങൾ ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടതായി നാം വായിക്കുന്നു.

“ഇസ്രായേൽ” ദൈവം യാക്കോബിന് നൽകിയ പേരാണ്. ദൈവത്തിന്റെ പോരാളി, ദൈവത്തിന്റെ പ്രഭു എന്നതാണ് ആ വാക്കിനർത്ഥം. യാബോക്ക് കടവിൽ വെച്ച് ദൈവത്തോട് കരഞ്ഞപേക്ഷിച്ചു അനുഗ്രഹം പൊരുതി വാങ്ങിയപ്പോൾ ദൈവം സമ്മാനിച്ച പേരാണത്. യാക്കോബിന്റെ 12 മക്കളെയും ആ തലമുറയിൽ
നിന്നുത്ഭവിച്ച ജനതയും “യിസ്രായേൽ” എന്നറിയുവാൻ തുടങ്ങി.
അതിലും ഉപരി ദൈവം അവർക്ക് നൽകിയ രാജ്യത്തിന്റെ പേർ “യിസ്രായേൽ” എന്നായി.
യഹൂദർ കനാൻ നാട് പിടിച്ചടക്കിയ ശേഷം അതിന്റെ പേർ “കനാൻ” എന്നായിരുന്നില്ല, “യിസ്രായേൽ” എന്നായിരുന്നു. ദൈവത്തിൽ നിന്നും അനുഗ്രഹം
പ്രാപിക്കുന്നവൻ്റെ ദേശത്തെ പോലും ദൈവം അവൻ്റെ പേരിൽ അറിയപ്പെടുന്ന ദേശമാക്കുന്നു.

യഹൂദ ദേശങ്ങളിൽ ചെറിയ പട്ടണം ആയിരുന്നു ബേത്ലഹേം.എന്നാൽ അതിന് ഒരു വാഗ്ദത്തം ലഭിച്ചു.

” നീയോ, ബേത്ത്ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതി
ആയിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
മീഖാ 5:2

മീഖാ പ്രവചിക്കുമ്പോൾ ചെറിയ പട്ടണമായിരുന്ന
ബേത്ലഹേം പട്ടണം യേശുവിന്റെ
ജനനശേഷം ലോകം മുഴുവനും അറിയുന്ന വലിയ പട്ടണമായി മാറി.

“യെഹൂദ്യദേശത്തിലെ ബേത്ത്ലേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും”
മത്തായി 2:6

നസറെത്ത് ഒരു കൊച്ചു പട്ടണമായിരുന്നു. അതിനാൽ നഥനിയേൽ ചോദിച്ചു.

“നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?
യോഹന്നാൻ 1:46

യേശു അവിടെ വളർന്നത് കൊണ്ട് ആ പട്ടണം എല്ലാവരും അറിയപ്പെടുന്ന പട്ടണമായി.

ദൈവഭക്തന്മാർ അനുഗ്രഹിക്കപ്പെടുന്നു.
അവരുടെ കുടുംബവും ദേശവും അനുഗ്രഹിക്കപ്പെടും. ദൈവം അവരുടെ പ്രാർത്ഥന കേട്ട് ദേശത്തിന് സൗഖ്യം നൽകും.

” എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും.
ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും”
2 ദിനവൃത്താന്തം 7:14,15

ദേശത്ത്
ആത്മീയചൈതന്യം
വ്യാപിക്കുന്നതും, സഭകൾ വളരുന്നതും ദൈവമക്കളുടെ പ്രാർത്ഥനയാൽ ആണ്.

സുവിശേഷവേലക്ക് വേണ്ടി സഹായിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ അതു മാത്രം മതി എന്ന് കരുതിയിരിക്കരുത്. യേശു പറയുന്നു.

“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ”എന്നു പറഞ്ഞു.
മത്തായി 9:37,38

ദൈവത്തിനുവേണ്ടി വേല ചെയ്യുവാൻ മടികാണിക്കരുത്. മാത്രമല്ല ദൈവവേലക്കാരെ സഹായിക്കയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അപ്പോൾ നാം പാർക്കുന്ന ഇടവും, ദേശവും ദൈവം വസിക്കുന്ന ഇടങ്ങളായി മാറും.

കണ്ണുനീരിനെ തൂക്കി നോക്കുന്ന ദൈവം”

കണ്ണുനീരിനെ അവഗണിച്ചു കടന്നുപോകുന്നവനല്ല ദൈവം. എന്നാൽ അവയെ തൂക്കിനോക്കി
അതിന്റെ ഭാരം അറിയുന്നവനാണു ദൈവം. നമ്മുടെ ഹ്യദയത്തിൻ്റെ വേദനകൾ നമ്മുടെ
ദൈവത്തിനറിയാം. ഈ ലോകത്തിൽ ആർക്കും നമ്മുടെ വേദനകൾ ശരിയായ വിധം അറിയണമെന്നില്ല.
ദൈവത്തിന് നമ്മുടെ പ്രക്യതി അറിയാം. നാം വെറും പുഴുവാണെന്നും അറിയാം. അതിനാൽ നമ്മെ തള്ളി
കളയുന്നവനല്ല ദൈവം. ഞാനുണ്ട് നിന്റെ ചാരെ എന്ന് പറഞ്ഞ് ദൈവം നമ്മുടെ കൂടെ വസിക്കുന്നു. കാരണം യേശുവിൻ്റെ പേർ തന്നെ ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നാണ്.

നീതിമാനും, നിഷ്കളങ്കനും,
നേരുള്ളവനും ദോഷം വിട്ടകന്നു
ജീവിച്ചുവന്നിരുന്നതുമായ ഇയ്യോബിനു ഒരുപാടു പരീക്ഷണങ്ങളുണ്ടായി. സകലതും നഷ്ടപ്പെട്ടു. രോഗിയായി. ഭാര്യയും തള്ളിപ്പറഞ്ഞു. കണ്ണീരിന്റേതായ
നാളുകളിൽ ഇയ്യോബ് ഹ്യദയം പൊട്ടി വിലപിച്ചു പറഞ്ഞു.

“അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ !
എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!
അതു കടൽപുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു.
ഇയ്യോബ് 6:2,3

സങ്കടങ്ങൾ മറ്റാർക്കും അളക്കുവാൻ സാദ്ധ്യമല്ല. എന്നാൽ അവ എണ്ണുവാനും
തൂക്കിനോക്കുവാനും ദൈവത്തിനു കഴിയും.

വ്യസനത്തെ ഒന്നുതൂക്കിനോക്കി
എങ്കിൽ എന്നു പറഞ്ഞ ഇയ്യോബ് അവസാന അദ്ധ്യായത്തിൽ
ഉറപ്പിച്ചു പറയുന്ന രണ്ടു വാക്യമുണ്ടു.

“നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ
അറിയുന്നു.” ഇയ്യോബ് 42:2

“ഞാൻ നിന്നെക്കുറിച്ചു ഒരു
കേൾവി മാത്രമേ കേട്ടിരുന്നുള്ളു.
ഇപ്പോഴോ എന്റെ കണ്ണാൽ നിന്നെ കാണുന്നു”
ഇയ്യോബ് 42:5

നാം യേശുവിനെ കുറിച്ചു കേട്ടവരായാൽ പോരാ. അവനെ അറിയുന്നവരാകണം.
അപ്പോൾ ഇയ്യോബിനെ പോലെ
നമുക്കു പറയാൻ കഴിയും. എന്റെ കണ്ണീരിനെ എണ്ണുവാനും തൂക്കിനോക്കുവാനും മാത്രമല്ല ദൈവത്തിനു സകലവും കഴിയുമെന്നു.

ദാവീദ് പറഞ്ഞു.

“നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു. എന്റെ കണ്ണുനീർ
നിന്റെ തുരുത്തിയിൽ ആക്കി വെക്കേണമേ. അതു നിന്റെ
പുസ്തകത്തിൽ ഇല്ലയോ?
സങ്കീർത്തനം 56:8

ദൈവം നമ്മെ എപ്പോഴും കാണുന്നു. നമ്മുടെ മനസ് ഒന്ന് പിടഞ്ഞാൽ ദൈവത്തിന്റെ കരളലിയും.
നമ്മുടെ മുഖത്തിന്റെ വാട്ടം പോലും ദൈവമറിയുന്നു. നമ്മുടെ
കുഞ്ഞുങ്ങളുടെ മുഖം ഒന്നു വാടിയാൽ നാം അറിയുന്നതു പോലെ ദൈവമക്കളുടെ മുഖം
വാടിയാൽ ദൈവം അറിയും.

1 ദിനവ്യത്താന്തം 4-ാം അദ്ധ്യായത്തിൽ യബ്ബേസ് എന്ന ദു:ഖപുത്രനെ കുറിച്ചു നാം കാണുന്നു. യബ്ബേസിനെ പ്രസവിച്ചപ്പോൾ അവന്റെ അമ്മയുടെ മുഖം വാടി. കാരണം അവനെ വ്യസനത്തോടെ പ്രസവിച്ചതുകൊണ്ടു അവനു ദു:ഖപുത്രൻ എന്നു പേരായി.
എന്നാൽ ആ അമ്മ കണ്ണീരോടെ
ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു.ദൈവം അവൾക്കു ആഗ്രഹിച്ചതൊക്കെയും നൽകി. അവന്റെ പേരിൽ ഒരു പട്ടണം അറിയപ്പെട്ടു.

ഹാഗാറിന്റെ കുഞ്ഞിന്റെ കണ്ണീർ ദൈവം കണ്ടു. മരുഭൂമിയിൽ ഹാഗാറിൻ്റേയും കുഞ്ഞിൻ്റേയും തീവ്രദു:ഖം ദൈവം കണ്ടു. അവർക്കായി പുതിയ നീരുറവ തുറക്കപ്പെട്ടു.

ഹന്നായുടെ മുഖം വാടിയതും കണ്ണീരും
ദൈവം അറിഞ്ഞു. വിശ്വസ്തതയോടും ദൈവത്തിൽ
ഏകാഗ്രഹ്യദയത്തോടും കൂടെ നടന്ന ഹിസ്കിയാവിനു രോഗം
ബാധിച്ചു. അവൻ മരിച്ചുപോകുമെന്നു യെശയ്യാവിനു ദൈവം ദർശനം കൊടുത്തു. ഈ വിവരം യെശയ്യാവു, ഹിസ്ക്കിയാവിനെ
അറിയിച്ചപ്പോൾ ഹിസ്ക്കിയാവു
ദൈവസന്നിധിയിൽ ചുവരിന്റെ നേരെ മുഖം അമർത്തി കരഞ്ഞു.
ആ കണ്ണിരിന്റെ മുമ്പിൽ അവന്റെ ആയുസ്
പതിനഞ്ചു സംവത്സരം ദൈവം കൂട്ടി.മാത്രമല്ല ഹിസ്കിയാവിനു വിശ്വസിക്കുവാൻ അടയാളമായി സൂര്യഘടികാരത്തിൽ നിഴലിനെ
പത്തുപടി പിന്നോക്കം ചലിക്കുമാറാക്കി. ഈ ഭാഗം 2രാജാക്കന്മാർ 20-ാം അദ്ധായത്തിലും യശയ്യാവു 38-ാം
അദ്ധ്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണീരിന്റെ മുമ്പിൽ സൂര്യന്റെ ഗതിയെ പോലും മാറ്റുന്ന ദൈവം.
ആയുസിനെ നീട്ടി കൊടുക്കുന്ന
ദൈവം .നമ്മുടെ കണ്ണീരിനെ ദൈവം ഒരിക്കലും മറികടന്നു പോകുവാൻ ദൈവത്തിന് സാദ്ധ്യമല്ല.

കരയുന്നവരോടു കൂടെ
കരയുന്നവനാണു നമ്മുടെ ദൈവം. ലാസർ മരിച്ചപ്പോൾ
മാർത്തയുടേയും മറിയയുടേയും ഹ്യദയവേദന യേശു കണ്ടു.

“യേശു കണ്ണീർ വാർത്തു” യോഹ 11:35

കൂരിരുൾ താഴ്വരകൾ കടന്നുവരട്ടെ. കണ്ണുനീർ താഴ്വരകളളിൽ കൂടി കടക്കുമ്പോൾ അവൻ അതിനെ കുളിരുള്ള ജലാശയമാക്കുന്നു. നമ്മുടെ കണ്ണീരിനു ഉത്തരം നൽകുന്ന ഒരു പിതാവു നമുക്കുണ്ടു. നമ്മുടെ അലച്ചിലുകളെ എണ്ണുന്ന ഒരു
ദൈവമുണ്ടു. നമ്മുടെ കണ്ണീരിനെ
തുരുത്തിയിൽ സൂക്ഷിക്കുന്ന ഒരു
ദൈവമുണ്ടു. അതിനാൽ നാം നാൾക്കുനാൾ ബലം പ്രാപിക്കുന്നു. പ്രതികൂലങ്ങളാകുന്ന
കാറ്റും, കോളും അടിച്ചു കൊള്ളട്ടെ. അമരത്ത് യേശു ഉണ്ട്. ഈ കാറ്റ് നിന്നെ ഇളക്കുവാനല്ല. വിശ്വാസത്തിലും, പ്രത്യാശയിലും, വിശുദ്ധിയിലും
ഉറപ്പിക്കുവാനാണ്.
ഹ്യദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥനാണ്. മനസ്സു
തകർന്നവരെ അവൻ രക്ഷിക്കുന്നു. നീതിമാന് അസംഖ്യമായ
അനർത്ഥങ്ങൾ വരാം. എന്നാൽ അവ എല്ലാറ്റിൽ നിന്നും യഹോവ
നമ്മെ വിടുവിക്കും എന്ന് സത്യവചനം.അതിനാൽ വിശ്വാസത്തിൽ സ്ഥിരത
ഉള്ളവരായിരിപ്പിൻ.

‘ എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ”
1 പത്രൊസ് 5:10,11

ഇനി കരഞ്ഞ്കൊണ്ടിരിക്കേണ്ട

കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു.

” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
വെളിപ്പാടു 21:4,5

നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻ
ആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്
യേശു. ക്രിസ്തീയജീവിതം
സുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും എന്നും നമുക്ക് ദു:ഖം ഉണ്ടാകയില്ല.

“അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു”
30-ാം സങ്കീ 5-ാം വാക്യം

ദു:ഖത്തിൻ്റേയും, നിരാശയുടേയും, കടബാദ്ധ്യതകളുടേയും
രോഗത്തിൻ്റേയും ആകുലതകളുടേയും
സന്ധ്യകൾ ജീവിതത്തിൽ ഉണ്ടാകാം. ശരിയായി പ്രാർത്ഥിക്കുവാൻ പോലും കഴിയാതെ മനസ് തകർന്ന അവസ്ഥകൾ ജീവിതത്തിൽ കടന്നുവരാം. കഷ്ടതകളുടെ രാത്രിയിൽ
കണ്ണീർ കാണുന്നതിനോ
സഹായത്തിനോ ആരും കടന്നുവരണമെന്നില്ല. എന്നാൽ നിന്റെ കണ്ണുനീർ
കാണുന്ന ഒരു ദൈവം ഉണ്ട്. വേദനയുടെ രാത്രിയാമങ്ങൾ കഴിഞ്ഞാൽ ഒരു പ്രഭാതസൂര്യൻ്റെ ഉദയമുണ്ട്. ആ പ്രഭാതസൂര്യൻ്റെ കിരണങ്ങൾ നിന്നെ ആനന്ദഘോഷങ്ങളിൽ
വഴി നടത്തും. യേശു ആണ് ആ ഉദയസൂര്യൻ.

ലേവ്യപുസ്തകം ആറാം അദ്ധ്യായത്തിൽ ഹോമയാഗത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

“ഹോമയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണംലേവ്യപുസ്തകം 6:9,12

ഹോമയാഗത്തിനായി ഉപയോഗിക്കുന്നത് കാള,
കോലാട്,കുറുപ്രാവ് ,
പ്രാവിൻകുഞ്ഞ് എന്നിവയെ ആണ്.
ഇവ തീയ്യിൽ രാത്രി മുഴുവനും കത്തിയെരിയണം. അപ്പോൾ അവ സൗരഭ്യയാഗമായി സ്വർഗ്ഗം സ്വീകരിക്കുന്നു.

ജീവിതത്തിൽ പൊന്നും വെള്ളിയും തീയ്യിൽ ഉരുക്കി ശോധന ചെയ്യുന്നു.
അതുപോലെയുള്ള ശോധനകൾ
ഉണ്ടാകാം. തട്ടാൻ്റെ കരസ്പർശനം
ഏൽക്കാതെ, തട്ടാൻ തീയ്യിലിട്ട് ചുട്ടും അടിച്ചും രൂപാന്തരപ്പെടുത്താതെ,
ഒരു പൊന്നും മനോഹരമായ ആഭരണമായ് മാറുകയില്ല. കുശവൻ്റെ പാദസ്പർശനവും, കരസ്പർശനവും
ഏൽക്കാത്ത ഒരു മണ്ണും മനോഹരമായ
മാനപാത്രമായി മാറുകയില്ല. തോട്ടക്കാരൻ തൻ്റെ മൂർച്ചയുള്ള ആയുധത്താൽ ചെത്തി വെടിപ്പാക്കാത്ത ഒരു വ്യക്ഷവും ഫലം നൽകില്ല.
സൗരഭ്യമേറിയ മനോഹരമായ പുഷ്പങ്ങൾ വിടരണമെങ്കിൽ ച്ചെടിക്ക് ഒരു ചെത്തി വെടിപ്പാക്കൽ
ആവശ്യമാണ്.

കഷ്ടതകളുടെ രാത്രികൾ
ജീവിതത്തിലെ ചെത്തിവെടിപ്പാക്കലുകൾ മാത്രമാണ്. അവ
ആനന്ദഘോഷത്തിൻ്റെ
പ്രഭാതം നൽകും.

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് ഒരു വാചകം ചുമരിൽ എഴുതണമെന്ന് പറഞ്ഞു, ഒരു നിബന്ധനയും വച്ചു. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും, ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം അത്‌ . ജീവിതത്തിൽ അമിതമായി ദുഃഖിക്കാതിരിയ്ക്കാനും മതിമറന്നു ആഹ്ലാദിക്കാതിരിക്കാനും എപ്പോഴും തന്നെ ഓർമ്മപ്പെടുത്തുന്ന ഒരു വാചകം . ജ്ഞാനിയായ ബീർബൽ എഴുതി

“ഈ സമയവും കടന്നു പോവും”

ദുഃഖ സമയത്ത് കരുത്തേകുന്ന വാചകമാണിത്.

യേശുവിന്റെ ശിഷ്യന്മാർ അനേകം പീഢനങ്ങൾ സഹിക്കേണ്ടതായി വന്നു.
ഹെരോദാരാജാവിൻ്റെ കാലത്ത് യാക്കോബിൻ്റെ തല അറുത്തു. പിറ്റേദിവസം
പത്രൊസിൻ്റെ തല അറുക്കുവാനായി പത്രൊസിനെ കാരാഗ്യഹത്തിൽ അടച്ചു.
ചങ്ങലയാൽ ബന്ധിതനാക്കി. രണ്ടു പടയാളികളുടെ നടുവിൽ കിടന്നിട്ടും, പിറ്റേ ദിവസം
തൻ്റെ തല വെട്ടുമെന്ന്
ബോദ്ധ്യം ഉണ്ടായിട്ടും പത്രൊസ് പടയാളികളുടെ
മദ്ധ്യത്തിൽ സുഖമായി ഉറങ്ങി. കാരണം സന്തോഷത്തിൻ്റെ ഒരു പുലരി തന്നെ കാത്ത് നിൽക്കുന്നു എന്ന് പത്രൊസ് വിശ്വസിച്ചു. വിശ്വസിച്ചപോലെ
സ്വർഗ്ഗത്തിലെദൂതൻ
പത്രൊസിനെ രക്ഷിച്ചു.

സന്ധ്യ എത്ര കഠിനമാകട്ടെ. ഒരു പുലരി വരുന്നു.

“ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും”
യിരേമ്യാവു 31:13

” യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ട്
ഇരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും”
യെശയ്യാ 30:19

നമ്മുടെ ഉള്ളങ്ങളെ ഉള്ളതുപോലെ അറിയുന്നവൻ ദൈവം മാത്രം. ആ സർവ്വശക്തനിൽ വിശ്വസിക്കാം. നിത്യമായി
കണ്ണീരെല്ലാം മാറുന്ന ഒരു ദിനം വരും. നാം ദൈവവുമായി വസിക്കുന്ന ഒരു ദിനം. ഈ ലോകത്തിലെ ദു:ഖങ്ങളെല്ലാം മാറും.

“ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു”
യിരേമ്യാവു 30:17

ദൈവവിളി തിരിച്ചറിയുക

ദൈവം ഉത്സാഹികളെ വിളിക്കുന്നു. അലസതയും, മടിയും ഉള്ളവർക്കല്ല സുവിശേഷ വേല.
വേദപുസ്തകത്തിൽ വിളിക്കപ്പെട്ടവരെല്ലാം അവരുടെ ജോലി ഉത്സാഹത്തോടെ ചെയ്തവരാണ്.

മോശയെ ദൈവം വിളിച്ചത് അമ്മായിയപ്പന്റെ ആടുകളെ മേയ്ച്ചു കൊണ്ടിരുന്നപ്പോഴാണ്. ശൗലിന്റെ മേൽ അഭിഷേക തൈലം വീഴുന്നത് വീട്ടിൽ വെറുതെ ഇരുന്നപ്പോഴെല്ല. അപ്പൻ്റെ കഴുതകളെ അന്വേഷിച്ച് യാത്ര ചെയ്തു
കൊണ്ടിരിക്കുമ്പോഴാണ്. ദാവീദിനെ അഭിഷേകം തേടിവന്നത് അവൻ കാട്ടിൽ ആടുകളെ പാലിച്ചുകൊണ്ട്
ഇരുന്നപ്പോൾ ആണ്. ആമോസിനെ ദൈവം വിളിച്ചത് കാട്ടത്തീപഴം പെറുക്കി കൊണ്ടിരിക്കുമ്പോഴാണ്. യോശുവാ, ഇസ്രായേലിന്റെ നായകനായി നിയമിക്കപ്പെട്ടത്, കൂടാരം വിട്ടു പിരിയാതെ മോശയുടെ ഭ്യത്യനായി, തുടർന്നതിനാലാണ്. പത്രോസിനെയും അന്ത്രയോസിനേയും കർത്താവിൻ്റെ വേലയ്ക്കായി വിളിച്ചത് അവർ അവരുടെ ജോലി ചെയ്യുമ്പോഴാണ്. യാക്കോബിനെയും യോഹന്നാനെയും യേശു വിളിക്കുന്നത് അവർ വല നന്നാക്കുമ്പോൾ ആയിരുന്നു. മത്തായിയെ യേശു വിളിക്കുന്നത് അവൻ ചുങ്കസ്ഥലത്ത് ഇരുന്ന് തന്റെ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ ആയിരുന്നു. പൗലോസിനെ കർത്താവ് വിളിക്കുന്നത് അവൻ ക്രിസ്ത്യാനികളെ പീഡിപ്പിക്കുക എന്ന തൻ്റെ ജോലി ആഘോഷത്തോടെ ചെയ്യുമ്പോൾ ആയിരുന്നു.

മടിയന്മാരെ ദൈവം ഒരിക്കൽ പോലും വിളിച്ചില്ല. മടിയനെ കുറിച്ച് സദ്യശ്യവാക്യങ്ങളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

” മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും”
സദൃശ്യവാക്യങ്ങൾ 6:9-11

ദൈവവേലക്കാരൻ തൻ്റെ ശുശ്രൂഷയിൽ മടിയനാകാനോ, അലസനാകാനോ പാടില്ല.
പ്രാർത്ഥനയിലും, വചനശുശ്രൂഷയിലും, ഉറ്റിരിക്കും എന്ന് പറഞ്ഞ അപ്പൊസ്തലന്മാരുടെ മാത്യക അവൻ പിന്തുടരേണം. ഉത്സാഹികളുടെ താലന്തുകൾ വർദ്ധിക്കും.
ഉത്സാഹികൾക്കാണ് വിശ്വസ്തരാകുവാൻ കഴിയുക.

ദൈവം ജീവിതത്തിൽ ഒരു ശുദ്ധീകരണ
പ്രക്രിയയിലൂടെ കടത്തിവിട്ട് ചിലരെ ദൈവവേലക്കായി വിളിക്കുന്നത് കാണാം. ഹോരേബ് പർവ്വതത്തിൽ വെച്ച് ദൈവം മോശയെ വിളിച്ചപ്പോൾ ശുദ്ധീകരണത്തിന്റെ അടയാളമായി അവൻ്റെ ചെരുപ്പ് ഊരികളയാൻ ആവശ്യപ്പെട്ടു. യെശയ്യാവിനെ പ്രവാചകനായി നിയമിച്ചത് ശ്രദ്ധിക്കുക കനൽ കൊണ്ട് അവൻ്റെ നാവിനെ തൊട്ട് ശുദ്ധീകരിച്ചു. അനന്തരമാണ് ഞാൻ ആരെ അയക്കേണ്ടു? ആർ എനിക്കുവേണ്ടി പോകും? എന്ന നിയോഗത്തിന്റെ ശബ്ദം മുഴങ്ങിയത്. യിരെമ്യാവിനേയും വിശുദ്ധീകരിച്ച ശേഷമാണ് പ്രവാചകനായി നിയമിച്ചത്.

“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു”
യിരേമ്യാവു 1:5

ദൈവവിളിയുള്ളവരെ
ദൈവം വ്യത്യസ്തമായ
പരിശീലനങ്ങൾ നൽകി വിളിക്കുന്നതായി കാണാം. ദൈവം മോശെയെ രണ്ടു ഘട്ടങ്ങളിലൂടെ പരിശീലിപ്പിച്ചു. ആദ്യത്തെ നാല്പത് വർഷം മിസ്രയീം കൊട്ടാരത്തിൽ ജീവിച്ച മോശെ വാക്കിലും ജ്ഞാനത്തിലും സമർത്ഥനായിരുന്നു.
അടുത്ത നാല്പത് വർഷങ്ങളിൽ ആട്ടിടയനായി അന്യദേശത്തിൽ വസിച്ച്
താഴ്മയും സൗമ്യതയും ഉള്ളവനായി. അങ്ങനെ അടുത്ത നാല്പത് വർഷം ദൈവം അവനെ ഏറ്റവും പ്രയോജനപ്പെടുത്തി.

അഭിഷേകം ലഭിച്ചയുടനെ
ദാവീദിന് സിംഹാസനം ലഭിച്ചില്ല.അനേകം കഷ്ടങ്ങളിലൂടെ അവനെ കടത്തിവിട്ട് ദൈവം അവനെ ഒരുക്കിയെടുത്തു. ഈ കാലഘട്ടങ്ങളിലെല്ലാം
ദാവീദ് ദൈവത്തോട് വിശ്വസ്തനും ദൈവത്തെ
സ്തുതിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് ദാവീദ് രാജാവിന്റെ കാലഘട്ടം ദൈവം സുവർണ്ണ കാലഘട്ടം ആക്കി മാറ്റി.
പൗലൊസിൻ്റെ ജീവിതത്തിലും രണ്ട് കാലഘട്ടം കാണാം.
തികഞ്ഞ പരീശനും നല്ലൊരു
ന്യായപ്രമാണവക്താവും
ആയിരുന്ന ഒന്നാം ഘട്ടം.
പിന്നീട് ദമസ്കൊസിലെ
മാനസാന്തരം. അതിനുശേഷം മൂന്ന് വർഷം അറേബ്യയിലെ ഏകാന്തവാസം. അങ്ങനെ ദൈവം പൗലൊസിനെ ദൈവത്തിന് ഏറ്റവും പ്രയോജനപ്പെട്ട മകനാക്കിതീർത്തു.

എല്ലാവരുടേയും ജീവിതത്തിൽ വ്യത്യസ്തമായ
ദൈവവിളികൾ ഉണ്ട്. അവയെ നാം തിരിച്ചറിയണം. ജീവിതത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളും ശോധനകളും അഭിമുഖീകരിക്കുന്നു
എങ്കിൽ അവയെല്ലാം
വിശുദ്ധിയിലേക്ക് നമ്മെ
നയിക്കുന്ന ചില ഒരുക്കങ്ങൾ മാത്രമാണ്.
ശുശ്രൂഷകന് ആത്മീക ഒരുക്കം വേണം. കഷ്ടതകളുടെ തീയ്യിൽ നാം ശോധന ചെയ്യപ്പെടുമ്പോൾ നാം കൂടുതൽ തിളക്കമുള്ളവർ ആകും.
നാം വിശ്വാസത്തിൽ സ്ഥിരതയുള്ളവർ ആകും.
നാം ദൈവവിളി തിരിച്ചറിയും. ലഭിക്കുവാൻ പോകുന്ന നിത്യതേജസിൻ്റെ ഘനം
നാം തിരിച്ചറിയും.

“എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
യാക്കൊബ് 1:2-4

ജീവിതത്തിലെ ഏതു സാഹചര്യത്തിലും ദൈവസന്നിധിയിൽ താണിരുന്ന് ദൈവവിളി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ സർവ്വേശ്വരൻ ക്യപ നൽകട്ടെ…

« Older posts Newer posts »