ഭക്തനായ ഒരു വ്യദ്ധന്റെ പ്രാർത്ഥനയാണു 71-ാം സങ്കീർത്തനം. വാർദ്ധക്യത്തിലെത്തിയവർക്കു
വായിച്ചു ധ്യാനിക്കുവാൻ ഏറ്റവും
അനുയോജ്യമായ സങ്കീർത്തന മാണിതു. നമ്മുടെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു
നോക്കുമ്പോൾ എത്രയെത്ര പരീക്ഷണഘട്ടത്തിലൂടെയാണു
നാം കടന്നുവന്നതു. രോഗങ്ങളാൽ നാം തളർന്നുപോയ അവസരങ്ങൾ.. കയ്പു നിറഞ്ഞ അനേകം പരീക്ഷണഘട്ടങ്ങൾ… നിന്ദിക്കപ്പെട്ട അനേകം സന്ദർഭങ്ങൾ..
ശത്രുക്കളുടെ കടന്നാക്രമണങ്ങൾ ഇങ്ങനെ
എത്രയെത്ര പ്രതിസന്ധികൾ.
സങ്കീർത്തനക്കാരന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെയും
ഭൂതകാലത്തിൽ ഭക്തൻ അനുഭവിച്ച ദൈവീകക്യപയേയും
അയവിറക്കുകയാണു
71-ാം സങ്കീർത്തനത്തിൽ കൂടെ.
അതു പ്രത്യാശയിലേക്കു
ഭക്തനെ നയിക്കുന്നു.
വാർദ്ധക്യത്തിന്റെ ക്ഷീണവും
പ്രയാസവും ഏകാന്തതയും ഭക്തനെ അലട്ടുമ്പോൾ ഭക്തൻ
പ്രത്യാശയോടെ ദൈവസന്നിധിയിലേക്കു കണ്ണുയർത്തി പറയുകയാണു.
“നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ”
71-ാം സങ്കീർത്തനം 3-ാം വാക്യത്തിന്റെ അവസാനഭാഗം
ബാല്യം മുതൽ, തന്നെ ദൈവം
താങ്ങി കരുതിപോന്നതിനെ
ഭക്തൻ നന്ദിയോടെ സ്മരിക്കുന്നു.
“യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
71-ാം സങ്കീർത്തനം 5,6 വാക്യങ്ങൾ.
ബാല്യം മുതൽ നമ്മെ കരുതി പോന്ന ദൈവത്തെ നാം എപ്പോഴും ഓർക്കണം. ദൈവത്തിന്റെ കരമാണു വീഴാതെ നമ്മെ താങ്ങി നിർത്തുന്നതു എന്നു മറന്നുപോകരുതു. ആത്മീയതയും ഭക്തിയും വാർദ്ധക്യത്തിൽ നേടിയെടുക്കാൻ എളുപ്പമല്ല.അതു ചെറുപ്രായത്തിൽ തന്നെ ആരംഭിക്കേണ്ടതാണു. യൗവനകാലം പ്രത്യേകം സൂക്ഷ്മതയോടും ജാഗ്രതയോടും
നയിക്കേണ്ടതാണു.അപ്പോൾ ജരാനരകൾ ബാധിച്ചു വാർദ്ധക്യത്തിന്റെ അവശതയിൽ
ആകുമ്പോഴും ദൈവക്യപ അനുഭവിച്ചു സമാധാനപൂർണ്ണമായ ജീവിതസായാഹ്നം സാദ്ധ്യമാകും.
വാർദ്ധക്യകാലത്തും ബലം ക്ഷയിക്കുമ്പോഴും ആ കരത്തിന്റെ തണലിൽ എളിമയോടെ വസിക്കുമ്പോൾ
എപ്പോഴും നാവിൽ നിന്നും
സ്തുതികൾ ഉയരും..
ശത്രുക്കൾ നാണിക്കും വിധം
ഒരു അത്ഭുതമായി ദൈവം
നമ്മെ മാറ്റും. അതുകൊണ്ടു
സങ്കീർത്തനക്കാരൻ ഇങ്ങനെ
പറയുന്നു.
“ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.
71-ാം സങ്കീർത്തനം 7,8,9 വാക്യങ്ങൾ..
ഭക്തനായ വ്യദ്ധൻ ഭൂതകാലത്തെ
വിജയകരമായി നടത്തിയ ദൈവത്തെ നന്ദിയോടെ സ്തുതിക്കയും, വാർദ്ധക്യവേളയിലും തന്റെ ഏകാന്തതയിലും കൈവിടരുതെന്നു അപേക്ഷിക്കയും ചെയ്യുന്നു.. തന്നെ നടത്തിയ വിധങ്ങളെ ഓർക്കുകയും സ്തുതി കരേറ്റുകയും ചെയ്യുന്നതോടൊപ്പം ഭക്തൻ ഒരു
പ്രത്യേക കാര്യത്തിനായി അപേക്ഷിക്കുന്നു. എന്താണെന്നു
നോക്കാം.
” ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
71-ാം സങ്കീർത്തനം 14-18
താൻ അനുഭവിച്ചു വന്ന ദൈവീക
മഹത്വം വരുവാനുള്ള തലമുറയോടു അറിയിക്കുന്നതു
വരെ തന്നെ ആയുസ്സോടെ നിർത്തണമെന്നാണു ഭക്തന്റെ അവസാന യാചന..കാരണം അനേകം കഷ്ടങ്ങളിലൂടേയും പ്രയാസങ്ങളിലൂടേയും കടന്നുപോകുന്നവർക്കേ മറ്റുള്ളവരെ ആശ്വസിപ്പിക്കാനും
ദൈവമഹത്വം തിരിച്ചറിയാനും
കഴിയു. അതു കൊണ്ടാണു സങ്കീർത്തനക്കാരൻ പ്രത്യാശയോടെ ഇങ്ങനെ പറയുന്നതു
” അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.
സങ്കീർത്തനങ്ങൾ 71:20
ഈ പ്രത്യാശയോടെ വേണം ഒരു
ഭക്തൻ എല്ലാകാലത്തും പ്രത്യേകിച്ചും വാർദ്ധക്യകാലത്തു
ജീവിക്കേണ്ടതു..പ്രത്യാശയോടെ
സ്തുതി ഗീതങ്ങളോടെയാണു 71-ാം സങ്കീർത്തനപ്രാർത്ഥന
അവസാനിക്കുന്നതു. നമുക്കും
നന്ദിയോടെ ആ പ്രാർത്ഥന ഏറ്റു
ചൊല്ലാം..
“നീ എന്റെ മഹത്വം വർദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും .ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
71-ാം സങ്കീർത്തനം 21-24.